എടത്തിരുത്തി (തൃശൂർ): ചൂലൂരിൽനിന്ന് കാർ കവർന്ന കേസിൽ ദമ്പതികളടക്കം അഞ്ചുപേരെ അറസ്റ്റ് ചെയ്തു. മലപ്പുറം ആന്തിയൂർകുന്ന് സ്വദേശി അമ്പലക്കൽ വീട്ടിൽ മുബഷിർ (38), മലപ്പുറം പുളിക്കൽ സ്വദേശിനി കവുങ്ങപ്പാരമ്പിൽ വീട്ടിൽ തഫ്സീന (33), കോഴിക്കോട് ബേപ്പൂർ നടുവട്ടം സ്വദേശികളായ സി.പി വീട്ടിൽ അസ്‍ലം (55), മാളിയേക്കൽ വീട്ടിൽ സലാം (38), വലിയത്തൊടി വീട്ടിൽ മനു (37) എന്നിവരെയാണ് കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച പുലർച്ച മൂന്നരയോടെയാണ് കേസിനാസ്പദമായ സംഭവം. എടത്തിരുത്തി ചൂലൂർ സ്വദേശി വലിയകത്ത് വീട്ടിൽ മുഹമ്മദ് ജാസിമിന്റെ കാറാണ് കവർന്നത്. വീട്ടിൽ അതിക്രമിച്ചുകയറിയ പ്രതികൾ മുറ്റത്ത് നിർത്തിയിട്ട സ്വിഫ്റ്റ് ഡിസയർ കാർ കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ അലാറം അടിച്ചു. ശബ്ദംകേട്ട് പുറത്തു വന്ന് തടയാൻ ശ്രമിച്ച ജാസിമിന്റെ കാലിലൂടെ ടയർ കയറ്റിയിറക്കുകയും ഭീഷണിപ്പെടുത്തി കാർ കൊണ്ടുപോവുകയും ചെയ്ത കേസിലാണ് അറസ്റ്റ്.
സംഭവശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതികളെ കാർ സഹിതം തേഞ്ഞിപ്പലം പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് ഇവരെ കയ്പമംഗലം പൊലീസിന് കൈമാറുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. മുബഷീർ, തഫ്സീന എന്നിവർ മലപ്പുറം അരീക്കോട്, പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷനിൽ 2024ൽ 31 ഗ്രാം എം.ഡി.എം.എ കടത്തിക്കൊണ്ടുവന്ന കേസിലും മയക്കുമരുന്ന് ഉപയോഗിച്ച കേസിലും പ്രതികളാണ്. കയ്പമംഗലം സ്റ്റേഷൻ ഇൻസ്പെക്ടർ ബിനു, സബ് ഇൻസ്പെക്ടർമാരായ അഭിലാഷ്, മുഹമ്മദ് സിയാദ്, ഹരിഹരൻ, സി.പി.ഒമാരായ ജ്യോതിഷ്, വിനു കുമാർ, പ്രിയ, നീതു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.