കോട്ടയം: ചിങ്ങവനം കുടിവെള്ള പദ്ധതി വ്യവസ്ഥാപിത രീതിയിൽ നടപ്പാക്കണമെന്ന് തദ്ദേശവകുപ്പ് ഇന്റേണൽ വിജിലൻസ് ഓഫിസർ. ഗുണഭോക്തൃസമിതി രൂപവത്കരിച്ച് പദ്ധതി കൈമാറാൻ നടപടി സ്വീകരിക്കണം. പുതിയ വാട്ടർ ടാങ്ക് അടിയന്തരമായി നിർമിക്കണമെന്നും പമ്പ് ഓപ്പറേറ്ററെ നിയമാനുസൃതം നിയമിക്കണമെന്നും ഇന്റേണൽ വിജിലൻസ് ഓഫിസർ ജോയന്റ് ഡയറക്ടർക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു.
പമ്പ് ഓപ്പറേറ്റർക്ക് നൽകാനുള്ള തുക ഓഡിറ്റ് തടസ്സമുള്ളതിനാൽ നൽകേണ്ടതില്ലെന്ന് കൗൺസിൽ തീരുമാനിച്ചിരുന്നു. ഇതിനെതിരെ മുനിസിപ്പൽ കൗൺസിലർ ജോസ് പള്ളിക്കുന്നേൽ നൽകിയ പരാതിയെ തുടർന്നാണ് ഇന്റേണൽ വിജിലൻസ് ഓഫിസർ പരിശോധന നടത്തി ജോയന്റ് ഡയറക്ടർക്ക് റിപ്പോർട്ട് നൽകിയത്.
പദ്ധതി സംബന്ധിച്ച വ്യക്തമായ തീരുമാനങ്ങൾ എടുക്കുന്നതിലും നടപ്പാക്കുന്നതിലും അലംഭാവമുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. നഗരസഭ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ നിയമിച്ചയാളല്ല പമ്പ് ഓപ്പറേറ്റർ. ഇയാൾ എന്നുമുതൽ ഇവിടെ ജോലി ചെയ്യുന്നു എന്നതിന് രേഖകളില്ല. ഇതിനാലാണ് ഓഡിറ്റിൽ തുക തടസ്സപ്പെടുത്തിയത്. പദ്ധതി തുടർനടത്തിപ്പ് ഗുണഭോക്തൃ സമിതികളെ ഏൽപ്പിക്കാൻ നടപടി സ്വീകരിച്ചിട്ടില്ല.
അതിനാൽ നഗരസഭക്ക് തനതുഫണ്ടിൽനിന്ന് വൻതുക ചെലവഴിക്കേണ്ടതായി വന്നു. രേഖകളുടെ അഭാവം മൂലം നിലവിലെ ഉദ്യോഗസ്ഥർക്ക് തീരുമാനമെടുക്കാനോ നടപ്പാക്കാനോ കഴിയുന്നില്ല. 2004 മുതൽ പ്രവർത്തിക്കുന്ന പദ്ധതിയിൽ സൗജന്യമായാണ് വെള്ളം വിതരണം എന്നും അന്നുമുതൽ പമ്പ് ഓപ്പറേറ്റർ വേതനമില്ലാതെ ജോലിചെയ്യുന്നു എന്നുമാണ് പറയുന്നതെങ്കിലും ചില ഗുണഭോക്താക്കൾ 200 രൂപ പ്രതിമാസം നൽകുന്നതായി അറിയാൻ കഴിഞ്ഞു.
പമ്പ് ഓപ്പറേറ്റർ സ്വന്തം സാങ്കേതിക വിദ്യ ഉപയോഗിച്ച് കുടിവെള്ളം വിതരണം ചെയ്യുന്നു എന്നാണ് അവകാശപ്പെടുന്നത്. എന്നാൽ പൊതു ആസ്തി അപ്രകാരം കൈകാര്യം ചെയ്യാൻ വിട്ടുനൽകേണ്ട. അതേസമയം, പൈപ്പ് സ്ഥാപിച്ച ഇനത്തിൽ ബാക്കി തുക നൽകി ബാധ്യത ഒഴിവാക്കാനും റിപ്പോർട്ടിലും പറയുന്നു.
പമ്പ് ഓപ്പറേറ്റർക്ക് നൽകാനുള്ള തുകയും വൈദ്യുതിചാർജും നൽകണമെന്ന് നിരവധി തവണ കൗൺസിലർ കൗൺസിലിൽ ആവശ്യപ്പെടുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു. കൗൺസിലറാണ് ഇതുവരെ തുക നൽകിയിരുന്നത്. ഈ തുക അനുവദിച്ചുകിട്ടണമെന്നാണ് കൗൺസിലറുടെ ആവശ്യം.
എന്നാൽ കൃത്യമായ രേഖകളില്ലാത്തതിനാൽ നിയമാനുസൃതം ഒന്നും ചെയ്യാനാവാത്ത അവസ്ഥയിലാണ് നഗരസഭ.
രണ്ടു പതിറ്റാണ്ടുമുമ്പ് നാട്ടകം പഞ്ചായത്ത് ആയിരുന്ന കാലയളവിൽ വാട്ടർ അതോറിറ്റിയിൽ നിന്ന് കൈമാറി കിട്ടിയതാണ് ചിങ്ങവനം റൂറൽ കുടിവെള്ള പദ്ധതി. പിന്നീട് നാട്ടകത്തിനൊപ്പം പദ്ധതിയും നഗരസഭയുടെ ഭാഗമായി. നഗരസഭക്ക് കൈമാറുന്ന സമയത്ത് ഓവർ ഹെഡ് വാട്ടർ ടാങ്ക് തകരാറിലായിരുന്നു. തുടർന്ന് ടാങ്ക് പൊളിച്ചുനീക്കി.
നാട്ടകം പഞ്ചായത്തിന്റെ ഉടമസ്ഥതയിലായിരുന്ന കാലത്ത് 4738 മീറ്റർ പൈപ്പ് ലൈൻ സ്ഥാപിച്ചതിന്റെ തുക കരാറുകാരന് കുടിശ്ശികയാണ്. വാട്ടർ അതോറിറ്റിയിൽനിന്ന് തദ്ദേശസ്ഥാപനങ്ങൾക്ക് കൈമാറിയ കുടിവെള്ള പദ്ധതികൾ ഗുണഭോക്തൃസമിതികൾക്ക് കൈമാറണമെന്നാണ് നിയമമെങ്കിലും ഇതുവരെ നടന്നിട്ടില്ല. പമ്പ് ഓപ്പറേറ്ററുടെ വേതന ഇനത്തിൽ 10 ലക്ഷം രൂപ 2023ൽ അനുവദിച്ചിട്ടുണ്ട്. ഇത് ഓഡിറ്റ് പരാമർശത്തിന് വിധേയമായതിനെ തുടർന്നാണ് ബാക്കി തുക നൽകേണ്ടെന്ന് കൗൺസിൽ തീരുമാനിച്ചത്.
കോട്ടയം: ചിങ്ങവനം കുടിവെള്ളപദ്ധതിയുടെ പൈപ്പ്ലൈൻ സ്ഥാപിച്ച പ്രവൃത്തിയുടെ വാല്യുവേഷൻ നടപടികൾ കൃത്യമായി അറിയിക്കുന്നതിൽ നഗരസഭ എക്സിക്യൂട്ടീവ് എൻജിനീയർ വീഴ്ച വരുത്തിയെന്ന് ചീഫ് എൻജിനീയറുടെ റിപ്പോർട്ട്.
തദ്ദേശ വകുപ്പ് സപെഷൽ സെക്രട്ടറിക്കാണ് ചീഫ് എൻജിനീയർ റിപ്പോർട്ട് നൽകിയത്. വാല്യുവേഷൻ നടത്തി തുക നൽകുന്നതിന് നടപടി സ്വീകരിക്കാം എന്ന് 2022 ജൂലൈ 20ന് നഗരസഭ കൗൺസിൽ തീരുമാനിച്ചിരുന്നു. ഇക്കാര്യം വികേന്ദ്രീകൃതാസൂത്രണ സംസ്ഥാന തല കോഓഡിനേഷൻ സമിതിയെ അറിയിക്കുകയും ചെയ്തിരുന്നു. വിഷയത്തിൽ സർക്കാർ നിർദേശപ്രകാരം പല തവണ എക്സിക്യൂട്ടീവ് എൻജിനീയർക്ക് ഓർമ കുറിപ്പുകളായും കത്തുകളായും നിർദേശം നൽകിയിട്ടും തുടർനടപടി ഉണ്ടായില്ല.
തുടർച്ചയായ നിർദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയ എക്സിക്യൂട്ടീവ് എൻജിനീയർക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കാൻ പ്രിൻസിപ്പൽ ഡയറക്ടറേറ്റിലെ വിജിലൻസ് വിഭാഗത്തിലേക്ക് ബന്ധപ്പെട്ട രേഖകൾ നൽകിയിട്ടുണ്ട്.
2025 ഫെബ്രുവരിയിൽ ഹിയറിങ്ങിന് ഹാജരാകാനും ഫയലുകൾ ഹാജരാക്കാനും നിർദേശം നൽകി. എന്നാൽ എക്സിക്യൂട്ടീവ് എൻജിനീയർ ഹാജരാവാതെ ഫയലുകൾ മാത്രമാണ് എത്തിച്ചത്. വിഷയത്തിൽ വിശദ റിപ്പോർട്ട് ആവശ്യപ്പെട്ട് നഗരസഭ സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നതായും മറുപടി ലഭ്യമായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.