കോട്ടയം: അതിദരിദ്രരില്ലാത്ത സംസ്ഥാനത്തെ ആദ്യ ജില്ലയായി കോട്ടയത്തെ ശനിയാഴ്ച പ്രഖ്യാപിക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. രാവിലെ 11 ന് മന്ത്രി എം.ബി. രാജേഷ് പ്രഖ്യാപനം നടത്തും. ജില്ലയിൽ 1071 അതിദരിദ്ര കുടുംബങ്ങളെയാണ് കണ്ടെത്തിയിരുന്നത്. മരണപ്പെട്ടവർ, ഇതര സംസ്ഥാനങ്ങളിൽ/ ജില്ലകളിൽ കുടിയേറിയവർ എന്നിവരെ ഒഴിവാക്കിയ ശേഷം 903 കുടുംബങ്ങളാണ് ഉണ്ടായിരുന്നത്.
തദ്ദേശ സ്ഥാപനതലത്തിൽ തയാറാക്കിയ മൈക്രോപ്ലാൻ പ്രകാരം ഭക്ഷണം, മരുന്നുകൾ, പാലിയേറ്റീവ് കെയർ, ആരോഗ്യ സഹായ ഉപകരണങ്ങൾ എന്നിങ്ങനെ ആവശ്യമുള്ള മുഴുവൻ കുടുംബങ്ങൾക്കും ലഭ്യമാക്കി. ഭക്ഷണത്തിനു ബുദ്ധിമുട്ടു നേരിട്ട കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റ് വിതരണം ചെയ്യൽ, ആഹാരം പാകം ചെയ്യാൻ സാധിക്കാത്ത കുടുംബങ്ങൾക്ക് പാകം ചെയ്ത് ഭക്ഷണം നൽകൽ തുടങ്ങിയവ ലഭ്യമാക്കി തുടർന്നുവരുന്നു.
ഇത്തരത്തിൽ 605 കുടുംബങ്ങൾക്കാണു സേവനം നൽകുന്നത്. മരുന്നുകൾ ആവശ്യമുള്ള 693 കുടുംബങ്ങൾക്ക് ലഭ്യമാക്കി. പാലിയേറ്റീവ് കെയർ സേവനങ്ങൾ ആവശ്യമായിരുന്ന 206 കുടുംബങ്ങൾക്കും സേവനം നൽകി. ആരോഗ്യ സുരക്ഷാ സാമഗ്രികൾ ആവശ്യമായിരുന്ന ആറു കുടുംബങ്ങൾക്കും ലഭ്യമാക്കി. വരുമാനമാർഗം ഒരുക്കിക്കൊടുക്കേണ്ടിയിരുന്ന 155 കുടുംബങ്ങൾക്ക് സൗകര്യമൊരുക്കി.
കുടുംബശ്രീ- ഉജ്ജീവനം പദ്ധതി വഴി 140 കുടുംബങ്ങൾക്കും തദ്ദേശ സ്ഥാപനങ്ങൾ വഴി ആറു കുടുംബങ്ങൾക്കും മറ്റ് വകുപ്പുകൾ വഴി നാലു കുടുംബങ്ങൾക്കും സ്വകാര്യ സ്ഥാപനങ്ങൾ വഴി അഞ്ചു കുടുംബങ്ങൾക്കും വരുമാന മാർഗം ലഭ്യമാക്കി. ഭവനരഹിതരും ഭൂരഹിത ഭവനരഹിതരും ആയ മുഴുവൻ പേർക്കും സുരക്ഷിത വാസസ്ഥലം ഉറപ്പാക്കി.
അതിദരിദ്ര കുടുംബങ്ങളിലെ വീട് മാത്രം ആവശ്യമായ 67 കുടുംബങ്ങൾക്കും വീടും വസ്തുവും വീടും ആവശ്യമായിട്ടുള്ള 50 കുടുംബങ്ങൾക്ക് ഭൂമിയും വീടും ഉറപ്പാക്കി. 22 കുടുംബങ്ങളെ വാടക വീടുകളിലേക്ക് മാറ്റി. 490 ഗുണഭോക്താക്കൾക്ക് ആധാർ, റേഷൻ കാർഡ്, ബാങ്ക് അക്കൗണ്ട്, മറ്റു തിരിച്ചറിയൽ കാർഡുകൾ അടക്കമുള്ള അവകാശ രേഖകൾ ലഭ്യമാക്കി. 55 വിദ്യാർഥികൾക്കു സൗജന്യ ബസ് പാസും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.