1600 കോടി പാസ് വേഡുകൾ ചോർന്നു; ചരിത്രത്തിലെ ഏറ്റവും വലിയ വിവരച്ചോർച്ചയെന്ന് റിപ്പോർട്ട്

ചരിത്രത്തിലെ ഏറ്റവും വലിയ വിവരച്ചോർച്ച നടന്നതായി സൈബർ സുരക്ഷ വിദഗ്ധരുടെ റിപ്പോർട്ടുകൾ. ആഗോളതലത്തിൽ1600 കോടി പാസ് വേഡുകൾ ചോർന്നതായാണ് കണ്ടെത്തൽ. ഈ ഡാറ്റാ ചോർച്ച കോടിക്കണക്കിന് ഉപയോക്താക്കളുടെ സ്വകാര്യ ഡാറ്റ ചോരുന്നതിന് കാരണമാകുമെന്ന് സൈബർന്യൂസിന്‍റെയും ഫോർബ്‌സിന്‍റെയും റിപ്പോർട്ടുകൾ ചൂണ്ടി കാണിക്കുന്നു. ആഗോളതലത്തിൽ വ്യാപകമായ ഫിഷിങ് തട്ടിപ്പുകൾ, ഐഡന്‍റിറ്റി മോഷണം, അക്കൗണ്ട് ഹാക്കിങ് എന്നിവയിലേക്ക് നയിച്ചേക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു.

ചോർന്ന ക്രെഡൻഷ്യലുകളിൽ ഭൂരിഭാഗവും പുതിയതും ഇൻഫോസ്റ്റീലറുകൾ എന്നറിയപ്പെടുന്ന ഒരു തരം മാൽവെയർ വഴി ശേഖരിക്കുന്നതുമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഈ മാൽവെയർ പ്രോഗ്രാമുകൾ ആളുകളുടെ ഉപകരണങ്ങളിൽ നിന്ന് ഉപയോക്തൃനാമങ്ങളും പാസ്‌വേഡുകളും മോഷ്ടിക്കുകയും ഹാക്കർമാർക്ക് നൽകുകയും ചെയ്യുന്നു. അവർ അവ നേരിട്ട് ഉപയോഗിക്കുകയോ ഡാർക്ക് വെബിൽ വിൽപ്പനക്ക് വെക്കുകയോ ചെയ്യുന്നു.

ഇ മെയിൽ, ഗൂഗ്ൾ, ഫേസ്ബുക്ക്, ടെലിഗ്രാം പോലുള്ള പ്ലാറ്റ്‌ഫോമുകൾ, ഗിറ്റ്ഹബിലെ ഡെവലപ്പർ അക്കൗണ്ടുകൾ, ചില സർക്കാർ പോർട്ടലുകൾ എന്നിവയുടെയെല്ലാം ലോഗിൻ വിവരങ്ങൾ ചോർന്ന ഡാറ്റകളിൽ ഉൾപ്പെടുന്നു. വെബ്‌സൈറ്റ് ലിങ്ക് കാണിക്കുന്ന ഫോർമാറ്റിലാണ് മിക്ക വിവരങ്ങളും ക്രമീകരിച്ചിരിക്കുന്നത്. ഇത് ഹാക്കർമാർക്ക് എളുപ്പത്തിൽ ഉപയോഗിക്കാൻ സാധിക്കുന്നു.

ഇത് വെറുമൊരു വിവരച്ചോര്‍ച്ചയല്ലെന്നും വലിയ രീതിയില്‍ ചൂഷണം നടത്താനുള്ള പദ്ധതിയുടെ ബ്ലൂ പ്രിന്റ് ആണെന്നും ഗവേഷകര്‍ പറയുന്നു. ദശലക്ഷക്കണക്കിന് മുതൽ കോടിക്കണക്കിന് വരെ ലോഗിൻ വിശദാംശങ്ങൾ അടങ്ങിയ ഏകദേശം 30 വലിയ ഡാറ്റ സെറ്റുകൾ ശേഖരിച്ചിട്ടുണ്ടെന്നും ഗവേഷകര്‍ കൂട്ടിച്ചേർത്തു.

മോഷ്ടിച്ച ഡാറ്റ എളുപ്പത്തിൽ വാങ്ങാൻ കഴിയുമെന്നതാണ് സ്ഥിതി കൂടുതൽ വഷളാക്കുന്നത്. പരിമിതമായ സാങ്കേതിക പരിജ്ഞാനമുള്ളവർക്ക് പോലും ഡാർക്ക് വെബിൽ ഈ പാസ്‌വേഡുകൾ ആക്‌സസ് ചെയ്യാൻ കഴിയുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇത് ദൈനംദിന ഉപയോക്താക്കൾ മുതൽ വലിയ കമ്പനികളെ വരെ ബാധിക്കുന്നു.

പരമ്പരാഗത പാസ്‌വേഡുകൾ ഉപേക്ഷിച്ച് പാസ്‌കീകൾ പോലുള്ള കൂടുതൽ സുരക്ഷിതമായ ഒപ്ഷനുകളിലേക്ക് മാറാൻ ഗൂഗ്ൾ നിർദേശിച്ചിട്ടുണ്ട്. എസ്.എം.എസ് അല്ലെങ്കിൽ ഇ മെയിലുകൾ വഴി അയക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കണമെന്നും എഫ്.ബി.ഐ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Tags:    
News Summary - 16 billion passwords allegedly leaked in massive data breach

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.




OSZAR »