അരാഷിയാമാ മുളവനത്തിലേക്ക്
നമ്മുടെ നാട്ടിൽ മുളങ്കൂട്ടങ്ങൾ കണ്ടിട്ടുണ്ടെങ്കിലും എന്തുകൊണ്ടാവാം അരാഷിയാമാ മുളവനം ഇത്ര പേരുകേട്ടത് എന്നൊരു ആകാംക്ഷയിലായിരുന്നു ഞാൻ. ജപ്പാൻ യാത്രയുടെ മൂന്നാം ദിനം കിയോട്ടോയിലേക്ക് (kyoto) സഞ്ചരിക്കെ ജപ്പാന്റെ മനോഹരഭൂപ്രകൃതികൾ കണ്ണിന് വിരുന്നായി. പുഴകളും മലനിരകളും പുൽമേടുകളുമൊക്കെ ചന്തം ചാർത്തുന്ന പ്രകൃതിയെ ഇഷ്ടപ്പെടാത്തവർ ആരുണ്ട് അല്ലേ. .? ഒരു പുരാതന നഗരമായ കിയോട്ടോ ഒരിക്കൽ ജപ്പാന്റെ തലസ്ഥാനമായിരുന്നു. പൗരാണിക ബുദ്ധക്ഷേത്രങ്ങൾക്ക് പ്രശസ്തമായ സ്ഥലം കൂടിയാണ് ഇത്. ബസ്സിറങ്ങി വീതി കുറഞ്ഞ റോഡിനരികിലൂടെ നടക്കുമ്പോൾ പഴമയുടെ മനോഹാരിത പ്രസരിപ്പിക്കുന്ന ചെറിയ കെട്ടിടങ്ങളും അവയ്ക്ക് മാറ്റുകൂട്ടാനെന്നോണം നിറച്ചാർത്താണിഞ്ഞ മരങ്ങളും ദൃശ്യഭംഗി പകർന്നു നിന്നു. അല്പദൂരം നടന്നപ്പോഴേക്കും മുളങ്കാടുകളുടെ സംഗീതം സ്വാഗതമോതിക്കൊണ്ടെത്തി. നടപ്പാതകൾക്കിരുവശവും ആകാശം തൊടാൻ മത്സരിക്കുന്ന മുളകൾ കണ്ണുകളെ പറിച്ചെടുത്തു കൊണ്ടുപോയി. ഇളം കാറ്റിന്റെ വിരൽസ്പർശത്താൽ തന്ത്രികൾ മീട്ടി പതിയെ ഉലഞ്ഞാടുന്ന മുളങ്കാടിന്റെ തലപ്പുകൾക്കിടയിലൂടെ ഭൂമിയെ തൊടാൻ ശ്രമിക്കുന്ന സൂര്യന്റെ ചിതറിയ വെളിച്ചപ്പൊട്ടുകൾ നോക്കി അങ്ങനെ നടക്കുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭൂതിയാൽ അകം നിറയുന്നത് ഞാനറിഞ്ഞു. യാത്ര മനസ്സിന് സമ്മാനിക്കുന്ന അമൂല്യമായ അനുഭവമാണത്.
സാധാരണയായി കൂടിച്ചേർന്ന് കാണാറുള്ള മുളങ്കൂട്ടങ്ങളിൽ നിന്നും വ്യത്യസ്തമായി ഓരോരോ ചെടിയായി ഉയരത്തിൽ വളർന്നു നിൽക്കുന്ന മുളകളാണ് ഇവിടെയുള്ളത്. അതുകൊണ്ട് തന്നെ വിശാലമായ ആ മുളവനം അതിന്റെ മനോഹാരിത കൊണ്ട് നമ്മെ വശീകരിക്കുന്നു. ഇനിയും സ്ഥലങ്ങൾ കാണാനുണ്ടെന്ന ഓർമ വന്നപ്പോഴേക്കും മിനോയും കുറച്ച് ആളുകളും നടന്ന് ദൂരത്തെത്തിയിരുന്നു. എല്ലാവരും ബസ്സിലേക്ക് എത്തണമെന്ന് മിനോ പറഞ്ഞതനുസരിച്ച് ഞങ്ങൾ ധൃതിയിൽ നടന്നു. വഴിയിലുടനീളം കണ്ണുകൾ പറത്തിവിട്ട് നടക്കുന്നതിനിടയിൽ ഒരു ബുദ്ധക്ഷേത്രത്തിന്റെ കവാടം കണ്ടു. കൂടെയുള്ളവർ അതും കടന്ന് മുന്നിലെത്തിയത് കണ്ട് ഞാൻ ചോദിച്ചു. “നമ്മളെന്താ ഇവിടെ കേറാത്തത്? ” നിനക്ക് കേറണോ എന്ന ഭർത്താവിന്റെ ചോദ്യത്തിന് ഞാൻ അതെ എന്ന് തലയാട്ടി. “എങ്കിൽ വാ നമുക്ക് വേഗം കേറി നോക്കീട്ട് വരാം. ” ഞങ്ങളുടെ ഒപ്പം നടന്നിരുന്ന ഒരാളും കൂടെ ചേർന്നു. ടിക്കറ്റ് കൗണ്ടറിൽ ചെന്നപ്പോൾ ക്ഷേത്രം മാത്രമാണോ അതോ ഗാർഡൻ വിസിറ്റ് കൂടി വേണോ എന്ന് ചോദിച്ചു. ഗാർഡനും കൂടി കണ്ടേക്കാം എന്ന് തീരുമാനിച്ച് ടിക്കറ്റ് എടുത്തു. അരാഷിയാമാ മലനിരകൾ തിരശീല വിരിച്ചിട്ട തെൻര്യുജി സെൻ ദേവാലയം ലോകപൈതൃകങ്ങളിൽ ഉൾപ്പെട്ട സ്ഥലം കൂടിയാണ് (Tenryu-ji Zen Temple).
ക്ഷേത്രത്തിനുൾ വശം വലിയ പ്രത്യേകതയൊന്നും തോന്നിയില്ല. പക്ഷെ ഗാർഡനിലേക്ക് (Sogenchi Garden)നടന്നപ്പോൾ അത്ഭുതം കണ്ണുകളെ പുറത്തേക്ക് ചാടിച്ചു. ശരത്കാല വർണ്ണങ്ങൾ വാരിചൂടിയ മരങ്ങൾ നിറഞ്ഞ അതിമനോഹരമായ ഒരു തീരം. ചുവപ്പും മഞ്ഞയും നിറമണിഞ്ഞ ഇലകൾ, പച്ച പുൽത്തകിടികൾ, നടപ്പാതകളിൽ കൊഴിഞ്ഞു വീണ ഇലകൾ വിരിച്ച ചുവപ്പ് പരവതാനി. എങ്ങോട്ട് നോക്കിയാലും കണ്ണുകൾ തിരിച്ചെടുക്കാൻ പറ്റാത്ത ഭംഗി. ദൈവമേ ..ഇത് നിന്റെ സ്വർഗ്ഗലോകത്തിന്റെ ഭാഗമാണോ എന്ന് ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല. ഇത് കാണാതെ പോയിരുന്നെങ്കിൽ എത്ര നഷ്ടമായേനെ ..!! യാത്രാപരിപാടിയിൽ ടൂർ ഗ്രൂപ്പ് ഇത് ഉൾപ്പെടുത്താതിരുന്നതെന്തേ എന്ന് അത്ഭുതപ്പെട്ടതോടൊപ്പം ബാക്കിയുള്ളവരൊക്കെ ഈ പ്രകൃതി വിസ്മയം കാണാതെ പോയല്ലോ എന്ന് സങ്കടവും തോന്നി. കണ്ടിട്ടും കണ്ടിട്ടും മതിയാവുന്നില്ല, എത്ര ഫോട്ടോ എടുത്തിട്ടും നിർത്താൻ തോന്നുന്നില്ല. “മിനോ നമ്മളെ അന്വേഷിക്കുന്നുണ്ടാവും ..” “അതെ, എന്നാലും ഇത് കാണാതെ പോകുന്നതെങ്ങനെ ..“ ഞങ്ങൾ തമ്മിൽ പറഞ്ഞു. അപ്പോഴേക്കും മിനോയുടെ ഫോൺ വിളി എത്തി.
”നിങ്ങൾ എവിടെയാണ്? എല്ലാവരും ബസ്സിൽ തിരിച്ചെത്തി. നിങ്ങൾ മാത്രമാണ് ബാക്കി ..” “ക്ഷമിക്കണം ,വഴിയിലൊരു ടെംപിൾ കണ്ട് ഒന്ന് കാണാൻ കയറി,അതാ വൈകിയത് .ഞങ്ങൾ ബസ്സിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. ഇപ്പൊ എത്തും .” പെട്ടെന്ന് തന്നെ ഞങ്ങൾ അവിടുന്ന് ഇറങ്ങി ബസ്സിലേക്ക് തിരക്കിട്ട് നടന്നു. എല്ലാവരും അക്ഷമരായി കാത്തിരിക്കുന്നത് കണ്ട് ഞങ്ങൾ അവരോട് വൈകിയതിന് ക്ഷമാപണം നടത്തി. “വഴി തെറ്റിപ്പോയോ?”നിങ്ങളെ കൂടാതെ ഭൂമിയിലെ ഒരു സ്വർഗ്ഗത്തുണ്ട് കാണാൻ പോയതാണെന്ന് പറഞ്ഞാൽ അവർക്ക് സങ്കടമയാലോ എന്ന് കരുതി മറുപടി ഒരു പുഞ്ചിരിയിൽ ഒതുക്കി. മിനോ ഒരിക്കൽ കൂടി എല്ലാവരും ഉണ്ടോ എന്ന് തിട്ടപ്പെടുത്തി ബസ് എടുക്കാൻ ഡ്രൈവറോട് പറഞ്ഞു. ജപ്പാൻ എന്ന രാജ്യത്തെപ്പറ്റി അത്യന്താധുനികമായ നാട് എന്നൊരു സങ്കൽപ്പം മാത്രമേ ഉണ്ടായിരുന്നുള്ളു അവിടം സന്ദർശിക്കും വരെ.ആധുനികതയുടെയും സാങ്കേതികത്തികവിന്റെയും ഉത്തുംഗത പേറുന്ന നഗരങ്ങൾ മാത്രമല്ല പ്രകൃതിഭംഗിയുടെ നിറകുടങ്ങളായ ഒട്ടേറെ സ്ഥലങ്ങളും ജപ്പാനിലുണ്ട് എന്ന നേർക്കാഴ്ചയുടെ അനുഭുതിയാണ് നേരിട്ട് കണ്ടറിഞ്ഞ ജപ്പാൻ പകർന്നുതന്നത്. ബൌദ്ധികമായി ഉന്നതിയിലുള്ള ഉയർന്ന ജീവിതനിലവാരം പുലർത്തുന്ന ഇവിടുത്തെ ആളുകളാവട്ടെ വിനയവും സഹാനുഭൂതിയും സഹായമനസ്ഥിതിയും മുഖമുദ്രയാക്കിയവരാണെന്ന് മനസ്സിലാക്കിയതും ഇവിടം സന്ദർശിച്ചപ്പോൾ മാത്രമാണ്.
എത്ര സ്നേഹത്തോടെയും ഭവ്യതയോടെയുമാണ് അവരുടെ പെരുമാറ്റം. തങ്ങളുടെ നാട് വൃത്തിയായും വെടിപ്പായും സൂക്ഷിക്കുന്നതിൽ ജപ്പാൻ ജനത പുലർത്തുന്ന ശ്രദ്ധ നമ്മൾ മാതൃകയാക്കിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകും. ഭൂപ്രകൃതിയുടെയും മനുഷ്യജീവിതങ്ങളുടെയും വൈവിദ്ധ്യങ്ങളും സംസ്കാരത്തിലും ആചാരങ്ങളിലും ഭക്ഷണരീതികളിലുമുള്ള ഭിന്നതകളും രാജ്യാന്തരയാത്രകൾ നമുക്ക് മുന്നിൽ തുറന്ന് വെയ്ക്കുന്നു. ഓരോ യാത്രയും മൂല്യവത്താവുന്നത് ഈ അനുഭവങ്ങൾ നാം ഉൾക്കൊള്ളുമ്പോഴല്ലേ. .?
ജപ്പാനിലേക്ക് പ്രവാസി മലയാളിയായ സഈദ നടേമ്മൽ നടത്തിയ യാത്രയുടെ അവസാന ഭാഗം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.