അസിം മുനീറിനെ കണ്ടത് ബഹുമതി, പാകിസ്താന് ഇറാനെ നന്നായി അറിയാം -ഡോണൾഡ് ട്രംപ്

വാഷിങ്ടൺ: പാകിസ്താൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീറുമായി കൂടിക്കാഴ്ച നടത്താൻ കഴിഞ്ഞത് ബഹുമതിയായി കാണുന്നുവെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പാകിസ്താന് ഇറാനെ നന്നായി അറിയാമെന്നും ബുധനാഴ്ച അസിം മുനീറിന് വിരുന്നൊരുക്കിയ ശേഷം ട്രംപ് പറഞ്ഞു. ഇറാനുമായി യു.എസ് യുദ്ധം ചെയ്യാൻ തീരുമാനിച്ചാൽ പാകിസ്താൻ തങ്ങളോടൊപ്പം വേണമെന്ന് യു.എസ് നയതന്ത്ര വൃത്തങ്ങൾ പറഞ്ഞതായും ന്യൂസ് 18 റിപ്പോർട്ട് ചെയ്തു.

“മറ്റു പല രാജ്യങ്ങളേക്കാൾ നന്നായി പാകിസ്താന് ഇറാനെ അറിയാം. നിലവിലെ സംഭവവികാസങ്ങളിൽ അവർ സന്തുഷ്ടരല്ല. ഇസ്രായേലുമായും അവർക്ക് നല്ല ബന്ധമാണുള്ളത്. എന്താണ് സംഭവിക്കുന്നതെന്ന് അവർ നോക്കിക്കാണുകയാണ്. അദ്ദേഹം എന്റെ അഭിപ്രായത്തോട് യോജിച്ചു’’ -ട്രംപ് പറഞ്ഞു. ഇന്ത്യയുമായി യുദ്ധത്തിൽ ഏർപ്പെടാത്തതിന് അസിം മുനീറിനോട് നന്ദി പറഞ്ഞ ട്രംപ്, സംഘർഷം ഒഴിവാക്കുന്നതിന് ഇരു രാജ്യങ്ങളും നന്നായി പ്രവർത്തിച്ചെന്നും പറഞ്ഞു.

പാകിസ്താനുമായി യു.എസ് വ്യാപാര കരാറിൽ ഏർപ്പെടും. അതിൽ വളരെ സന്തോഷമുണ്ട്. മിടുക്കരായ രണ്ടുപേർ യുദ്ധം തുടരേണ്ടതില്ലെന്ന് തീരുമാനിച്ചു. അവർ രണ്ട് വലിയ ആണവ ശക്തികളാണ്. അസിം മുനീറിനെ കാണാൻ കഴിഞ്ഞത് ബഹുമതിയായി കാണുന്നുവെന്നും ട്രംപ് പറഞ്ഞു. അഞ്ചു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായാണ് അസിം മുനീർ വാഷിങ്ടണിലെത്തിയത്.

യു.എസുമായുള്ള സൈനിക ബന്ധം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പാക് സൈനിക മേധാവിയുടെ യു.എസ് സന്ദർശനം. മുതിർന്ന സിവിലിയൻ ഉദ്യോഗസ്ഥരില്ലാതെ യു.എസ് പ്രസിഡന്റും പാകിസ്താൻ സൈനിക മേധാവിയും തമ്മിലുള്ള ആദ്യത്തെ കൂടിക്കാഴ്ചയായിരുന്നു ബുധനാഴ്ചത്തേത്. പാകിസ്താനിൽ സുസ്ഥിര ജനാധിപത്യം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പാകിസ്താൻ പൗരർ അസിം മുനീർ താമസിക്കുന്ന ഹോട്ടലിനു പുറത്തും പാക് എംബസിക്ക് സമീപവും പ്രതിഷേധിച്ചിരുന്നു. 

Tags:    
News Summary - 'Honoured To Meet Him': Donald Trump Credits Asim Munir For Ending India-Pakistan War

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.




OSZAR »