ഇറാൻ-ഇസ്രായേൽ സംഘർഷം: ഡൽഹിയിലേക്കുള്ള 28 വിമാനങ്ങൾ റദ്ദാക്കി
text_fieldsന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം കൊടുമ്പിരിക്കൊണ്ടിരിക്കെ, ഡൽഹിയിലേക്കും തിരിച്ചുമുള്ള നിരവധി വിമാനസർവീസുകൾ റദ്ദാക്കി. 48 വിമാന സർവീസുകളാണ് റദ്ദാക്കിയത്. പശ്ചിമേഷ്യൻ രാജ്യങ്ങൾ വ്യോമപരിധി അടച്ചതും വിമാന സർവീസുകൾ റദ്ദാക്കാൻ കാരണമായി. റദ്ദാക്കിയ വിമാനങ്ങളിൽ 17 എണ്ണം എയർ ഇന്ത്യയുടെതാണ്. എട്ടെണ്ണം ഇൻഡിഗോയുടെതും.
ഡൽഹിയിൽ നിന്ന് മറ്റിടങ്ങളിലേക്കുള്ള വിമാനസർവീസുകളും റദ്ദാക്കിയവയിൽ ഉൾപ്പെടും. റദ്ദാക്കിയ വിമാനങ്ങളിൽ 28 എണ്ണം ഡൽഹിയിലേക്കുള്ളതും 20 എണ്ണം ഡൽഹി വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ടതുമാണെന്ന് അധികൃതർ വ്യക്തമാക്കി. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരുകയാണെന്നും സുരക്ഷിതവും തടസമില്ലാത്തതുമായ യാത്ര ഉറപ്പാക്കാൻ ലഭ്യമായ ഏറ്റവും സുരക്ഷിതമായ വിമാന പാതകളാണ് പരിഗണിക്കുന്നതെന്നും ഇൻഡിഗോ സർവീസ് അധികൃതർ അറിയിച്ചു. യാത്രക്കാർ തങ്ങളുടെ മൊബൈൽ ആപ്പ് അല്ലെങ്കിൽ വെബ്സൈറ്റ് വഴി അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കണമെന്നും അഭ്യർഥനയുണ്ട്.
പശ്ചിമേഷ്യൻ വ്യോമപാത അടച്ചത് തങ്ങളുടെ ചില വിമാനസർവീസുകളെ ബാധിച്ചതായി സ്പൈസ് ജെറ്റും എക്സിൽ കുറിച്ചു. പശ്ചിമേഷ്യയിലെ യുദ്ധസമാന സാഹചര്യം തങ്ങളുടെ സർവീസുകളെ ബാധിച്ചതായി ആകാശ എയ്റും അറിയിച്ചിട്ടുണ്ട്. യാത്രക്കാർക്കുണ്ടാകുന്ന അസൗകര്യങ്ങളിൽ വിമാനസർവീസുകൾ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.
ഇറാൻ ദോഹയിലെ യു.എസ് വ്യോമതാവളം ആക്രമിച്ചതിന് പിന്നാലെ ഖത്തർ, ബഹ്റൈൻ, യു.എ.ഇ, ഇറാഖ്, കുവൈത്ത് രാജ്യങ്ങൾ തങ്ങളുടെ വ്യോമപരിധി അടച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.