ജനങ്ങൾക്ക് നീതി ഉറപ്പാക്കും, പൊതുജനങ്ങളോട് പൊലീസ് മാന്യമായി പെരുമാറണം; ലഹരിക്കും സൈബർ കുറ്റങ്ങൾക്കും എതിരെ കർശന നടപടി -റവഡ ചന്ദ്രശേഖർ
text_fieldsതിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി എന്നത് വെല്ലുവിളിയുള്ള ചുമതലതയെന്ന് റവഡ ചന്ദ്രശേഖർ ഐ.പി.എസ്. ജനങ്ങൾക്ക് നീതി ഉറപ്പാക്കുമെന്നും പൊതുജനങ്ങളോട് പൊലീസ് ഉദ്യോഗസ്ഥർ മാന്യമായി പെരുമാറണമെന്നും വാർത്താസമ്മേളനത്തിൽ പൊലീസ് മേധാവി പറഞ്ഞു.
ലഹരി വ്യാപനം തടയാൻ നടപടികൾ കൂടുതൽ ശക്തമാക്കും. ഇതിനായി പ്രത്യേക നയം രൂപീകരിക്കും. ക്രമസമാധാനപാലനവും ഗൂണ്ടാ വിരുദ്ധ സ്ക്വാഡിന്റെ പ്രവർത്തനവും കൂടുതൽ കാര്യക്ഷമമാക്കും.
സമൂഹത്തിൽ സമുദായിക സൗഹാർദം ഉറപ്പാക്കാൻ പൊലീസ് ശക്തമായ ഇടപെടൽ നടത്തും. സൈബർ കുറ്റങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കും. സാധാരണക്കാർക്ക് ഭയം കൂടാതെ പൊലീസ് സ്റ്റേഷനിൽ പോകാനും നീതി ഉറപ്പാക്കാനുമുള്ള നടപടികൾ ഉണ്ടാകും.
സംസ്ഥാന പൊലീസ് മേധാവിയാകാൻ സാധിച്ചതിൽ സന്തോഷമുണ്ട്. വെല്ലുവിളി നിറഞ്ഞ ചുമതലയാണ്. പൊതുജനങ്ങളുടെ സഹകരണത്തോടെ മികച്ച പ്രവർത്തനം കാഴ്ചവെക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും റവഡ ചന്ദ്രശേഖർ വ്യക്തമാക്കി.
ഇന്ന് രാവിലെയാണ് സംസ്ഥാനത്തിന്റെ 41ാം പൊലീസ് മേധാവിയായി റവഡ ചന്ദ്രശേഖർ ചുമതലയേറ്റത്. കേന്ദ്ര രഹസ്യാന്വേഷണ ഏജൻസിയില്‍ 15 വർഷത്തെ അനുഭവ സമ്പത്തുമായാണ് റവഡ ചന്ദ്രശേഖർ പൊലീസ് മേധാവിയുടെ കസേരയിലെത്തുന്നത്. മികച്ച സേവനത്തിന് രാഷ്ട്രപതിയുടെ വിശിഷ്ട-സ്തുത്യർഹ മെഡലുകള്‍ ലഭിച്ചിട്ടുണ്ട്.
ആന്ധ്രപ്രദേശ് വെസ്റ്റ് ഗോദാവരി സ്വദേശിയായ റവഡ. യു.പി.എസ്.സി കേരളത്തിന് കൈമാറിയ പട്ടികയിൽ ഒന്നാമനും സീനിയറുമായ നിതിൻ അഗർവാളിനെ മറികടന്നാണ് കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള ഇന്റലിജൻസ് ബ്യൂറോ സ്പെഷൽ ഡയറക്ടർ റവഡയെ നിയമിക്കാൻ തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭയോഗം തീരുമാനിച്ചത്. 1991 ബാച്ചുകാരനായ റവഡക്ക് 2026 ജൂലൈ വരെ സർവിസുണ്ട്.
എന്നാൽ, സംസ്ഥാന പൊലീസ് മേധാവിയാകുന്നവർക്ക് കുറഞ്ഞത് രണ്ടുവർഷത്തെ സർവിസ് വേണമെന്ന സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഒരുവർഷം കൂടി നീട്ടിനൽകും. കൂത്തുപറമ്പ് വെടിവെപ്പിന് നേതൃത്വം നൽകിയ റവഡയെ സംസ്ഥാന പൊലീസ് മേധാവി കസേരയിലേക്ക് പരിഗണിക്കുന്നതിനെതിരെ കണ്ണൂർ സി.പി.എം നേതൃത്വം കടുത്ത എതിർപ്പാണ് പാർട്ടി സംസ്ഥാന നേതൃത്വത്തെയും മുഖ്യമന്ത്രിയെയും അറിയിച്ചിരുന്നത്. ഇത് അവഗണിച്ചാണ് റവഡയെ കൊണ്ടുവരാൻ പിണറായി വിജയൻ തീരുമാനിച്ചത്.
തിങ്കളാഴ്ച ചേർന്ന ഓൺലൈൻ മന്ത്രിസഭയോഗത്തിൽ യു.പി.എസ്.സി കേരളത്തിന് കൈമാറിയ പട്ടികയിലുള്ള നിതിൻ അഗർവാൾ, റവഡ ചന്ദ്രശേഖർ, യോഗേഷ് ഗുപ്ത എന്നിവരുടെ സർവിസ് ചരിത്രം മുഖ്യമന്ത്രി അവതരിപ്പിച്ചു. അപ്പോഴും റവഡക്ക് കൂത്തുപറമ്പിലെ പങ്ക് അദ്ദേഹം റിപ്പോർട്ടിൽ പരാമർശിച്ചില്ല. പകരം മൂവരിൽ ഭേദം റവഡയാണെന്ന് അറിയിക്കുകയായിരുന്നു. ഇതോടെ, മറ്റ് എതിർശബ്ദങ്ങളില്ലാതെ നിയമനം മന്ത്രിസഭ അംഗീകരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.