കോട്ടയം: അതിദരിദ്രരില്ലാത്ത ഇന്ത്യയിലെ ആദ്യ ജില്ലയായിരിക്കും കോട്ടയമെന്ന് മന്ത്രി വി.എൻ. വാസവൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
രണ്ടാം പിണറായി വിജയൻ സർക്കാർ ചുമതലയേറ്റശേഷം നടന്ന ആദ്യ മന്ത്രിസഭ യോഗത്തിലെ ആദ്യ തീരുമാനമായിരുന്നു അതിദാരിദ്ര്യനിർമാർജന പ്രക്രിയ. അഞ്ചു വർഷം കൊണ്ട് അതിദാരിദ്ര്യം പൂർണമായി തുടച്ചു നീക്കാനാണ് ലക്ഷ്യമിട്ടത്. അതിദാരിദ്ര്യം അനുഭവിക്കുന്നവരെ കണ്ടെത്താനുള്ള അതിദാരിദ്ര്യ നിർണയ വിവരശേഖരണ പ്രക്രിയ ജില്ലയിൽ 2021 ഒക്ടോബറിൽ ആരംഭിച്ചു.
അന്നത്തെ ജില്ല പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി, കലക്ടർ ഡോ. പി.കെ. ജയശ്രീ, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടർ പി.എസ്. ഷിനോ എന്നിവരുടെ ചുമതലയിൽ തദ്ദേശ വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ സർക്കാർ വകുപ്പുകളെ പങ്കെടുപ്പിച്ചാണ് പ്രവൃത്തികൾക്കു തുടക്കമിട്ടത്.
പിന്നീടു വന്ന ജില്ല പഞ്ചായത്ത് പ്രസിഡന്റായ കെ.വി. ബിന്ദുവും കലക്ടർ വി. വിഗ്നേശ്വരിയും പ്രവർത്തനങ്ങൾ തുടർന്നു. നിലവിലെ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗറിന്റെയും കലക്ടർ ജോൺ വി. സാമുവലിന്റെയും പ്രോജക്ട് ഡയറക്ടർ ബെവിൻ ജോൺ വർഗീസിന്റെയും നേതൃത്വത്തിലാണ് ലക്ഷ്യം പൂർത്തീകരിച്ചത്.
വാർത്താസമ്മേളനത്തിൽ സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, സി.കെ. ആശ എം.എൽ.എ., ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഹേമലത പ്രേംസാഗർ, കലക്ടർ ജോൺ വി. സാമുവൽ, ബിനു ജോൺ, എ. അരുൺ കുമാർ, പി.എസ്. ഷിനോ, ബെവിൻ ജോൺ വർഗീസ് എന്നിവർ പങ്കെടുത്തു.
നാൾവഴികൾ
- 2022 ജനുവരി 10ന് അതിദാരിദ്ര്യ നിർണയ പ്രക്രിയ സംസ്ഥാനത്ത് ആദ്യമായി പൂർത്തീകരിച്ച ജില്ലയായി കോട്ടയം. 1071 പേരെ സർവേയിൽ കണ്ടെത്തി. മരണപ്പെട്ടവർ, ഇതര സംസ്ഥാനങ്ങളിൽ/ ജില്ലകളിൽ കുടിയേറിയവർ എന്നിവരെ സൂപ്പർ ചെക്കിലൂടെ ഒഴിവാക്കി.
- അന്തിമപട്ടികയിൽ 903 പേരെ അതിദരിദ്രരായി കണ്ടെത്തി. അതിദരിദ്രരുടെ പുനരധിവാസത്തിനും ഉപജീവനത്തിനുമായി 2022 ആഗസ്റ്റിൽ 978 മൈക്രോപ്ലാനുകൾ തയാറാക്കി. സംസ്ഥാനത്ത് ആദ്യമായി മൈക്രോപ്ലാനുകൾ തയാറാക്കിയതും കോട്ടയമാണ്.
- 2022 ഒക്ടോബറിൽ നിർവഹണം ആരംഭിച്ചു. സംസ്ഥാനത്ത് ആദ്യനിർവഹണം ആരംഭിച്ചതും കോട്ടയത്താണ്. തദ്ദേശസ്ഥാപനങ്ങൾ വഴി മൈക്രോപ്ലാനുകൾ നടപ്പാക്കി.
- മൈക്രോപ്ലാൻ പ്രകാരം ഭക്ഷണം, മരുന്നുകൾ, പാലിയേറ്റീവ് കെയർ, ആരോഗ്യ സഹായ ഉപകരണങ്ങൾ എന്നിവ ആവശ്യമുള്ള മുഴുവൻ കുടുംബങ്ങൾക്കും ലഭ്യമാക്കി.
- ഭക്ഷണത്തിനു ബുദ്ധിമുട്ടു നേരിട്ട കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റ് വിതരണം ചെയ്യൽ, ആഹാരം പാകം ചെയ്യാൻ സാധിക്കാത്ത കുടുംബങ്ങൾക്ക് പാകം ചെയ്ത് ഭക്ഷണം നൽകൽ തുടങ്ങിയവ ലഭ്യമാക്കി തുടർന്നുവരുന്നു. ഇത്തരത്തിൽ 605 കുടുംബങ്ങൾക്കാണു സേവനം നൽകുന്നത്. മരുന്നുകൾ ആവശ്യമുള്ള 693 കുടുംബങ്ങൾക്ക് അവ ലഭ്യമാക്കി.
- പാലിയേറ്റീവ് കെയർ സേവനങ്ങൾ ആവശ്യമായിരുന്ന 206 കുടുംബങ്ങൾക്കും സേവനം നൽകുന്നു. ആരോഗ്യ സുരക്ഷാ സാമഗ്രികൾ ആവശ്യമായിരുന്ന ആറു കുടുംബങ്ങൾക്കും ലഭ്യമാക്കി.
- വരുമാനമാർഗം ഒരുക്കിക്കൊടുക്കേണ്ടിയിരുന്ന 155 കുടുംബങ്ങൾക്ക് അതിനുള്ള സൗകര്യമൊരുക്കി. കുടുംബശ്രീ- ഉജ്ജീവനം പദ്ധതി വഴി 140 കുടുംബങ്ങൾക്കും തദ്ദേശ സ്ഥാപനങ്ങൾ വഴി ആറു കുടുംബങ്ങൾക്കും മറ്റ് വകുപ്പുകൾ വഴി അഞ്ചു കുടുംബങ്ങൾക്കും സ്വകാര്യ സ്ഥാപനങ്ങൾ വഴി അഞ്ചു കുടുംബങ്ങൾക്കും വരുമാന മാർഗം ലഭ്യമാക്കി.
- ഭൂര- ഭവനരഹിതരായ മുഴുവൻ പേർക്കും സുരക്ഷിത വാസസ്ഥലങ്ങൾ ഉറപ്പാക്കി. അതിദരിദ്ര കുടുംബങ്ങളിലെ വീട് മാത്രം ആവശ്യമായ 67 കുടുംബങ്ങൾക്ക് വീട് ഉറപ്പാക്കി.
- 50 കുടുംബങ്ങൾക്ക് ഭൂമിയും വീടും ഉറപ്പാക്കി. 22 കുടുംബങ്ങളെ വാടക വീടുകളിലേക്ക് മാറ്റി.
- 490 ഗുണഭോക്താക്കൾക്ക് ആധാർ, റേഷൻ കാർഡ്, ബാങ്ക് അക്കൗണ്ട്, മറ്റു തിരിച്ചറിയൽ കാർഡുകൾ അടക്കമുള്ള അവകാശ രേഖകൾ ലഭ്യമാക്കി. 55 വിദ്യാർഥികൾക്ക് സൗജന്യ ബസ് പാസും നൽകി.
- അലഞ്ഞുതിരിഞ്ഞു നടക്കുന്നവർ, മാനസികവെല്ലുവിളി നേരിടുന്നവർ എന്നിവരെ പുനരധിവസിപ്പിക്കാനും ചികിത്സക്കും നടപടി സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.